ശരാശരി അധിക വിഹിതം 2.9 ശതമാനത്തില് തുടരും:
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി തുടര്ച്ചയായി വര്ദ്ധിച്ചുകൊണ്ടിരുന്ന അധിക പ്രീമിയം നിരക്കുകള്ക്കാണ് ഇതോടെ താല്ക്കാലിക ആശ്വാസമാകുന്നത്. നിലവില് നിശ്ചയിച്ചിട്ടുള്ള ശരാശരി അധിക വിഹിതമായ 2.9 ശതമാനം (Average Supplementary Premium) 2027ലും മാറ്റമില്ലാതെ തുടരുമെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തി. "വരും വര്ഷത്തില് ശരാശരി അധിക പ്രീമിയം നിരക്ക് സ്ഥിരമായി നിലനിര്ത്തുക എന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം കൈവരിക്കാനായി" എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുന് വര്ഷങ്ങളിലെ തുടര്ച്ചയായ വര്ദ്ധനവുകള്ക്ക് ശേഷമുള്ള ഈ തീരുമാനം മികച്ചൊരു ശുഭസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അഞ്ച് വര്ഷത്തിനിടയിലെ ആദ്യ ആശ്വാസം:
കഴിഞ്ഞ അഞ്ച് വര്ഷത്തിനിടയില് ആദ്യമായാണ് അധിക വിഹിത നിരക്കുകള് ഉയര്ത്താതെ നിലനിര്ത്തുന്നത്. കോവിഡ് മഹാമാരി ആരംഭിച്ച 2020~ല് 1.1 ശതമാനമായിരുന്ന അടിസ്ഥാന അധിക പ്രീമിയം പിന്നീട് ഘട്ടങ്ങളായി ഉയര്ന്ന് ഇരട്ടിയിലധികമാവുകയും 2.9 ശതമാനത്തില് എത്തുകയുമായിരുന്നു. ഇതിനു മുന്പ് 2022~ല് (1.3 ശതമാനത്തില്) മാത്രമാണ് നിരക്കുകള് വര്ദ്ധിപ്പിക്കാതെ മരവിപ്പിച്ചിരുന്നത്.
ഇന്ഷുറന്സ് മേഖലയിലെ സാമ്പത്തിക വെല്ലുവിളികള് പൂര്ണ്ണമായി അവസാനിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2026~ല് ആരോഗ്യ ഇന്ഷുറന്സ് ഫണ്ടുകളുടെ വരുമാനം 312.2 ബില്യണ് യൂറോയും ചെലവ് 370.1 ബില്യണ് യൂറോയുമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2027~ല് വരുമാനം 320.7 ബില്യണ് യൂറോയായും ചെലവുകള് 378.1 ബില്യണ് യൂറോയായും ഉയരും. എന്നിരുന്നാലും, വര്ദ്ധിച്ചുവരുന്ന ചെലവുകള് നിയന്ത്രിക്കാന് സര്ക്കാര് ഏര്പ്പെടുത്തിയ 15 ബില്യണ് യൂറോയുടെ പ്രത്യേക നടപടികളും അധിക വരുമാനവുമാണ് നിരക്കുകള് ഉയര്ത്താതെ നിലനിര്ത്താന് സഹായിക്കുന്നത്.
അടിസ്ഥാന നിരക്കും അധിക വിഹിതവും:
ജര്മ്മനിയില് നിയമാനുസൃത ആരോഗ്യ ഇന്ഷുറന്സിന്റെ പൊതുവായ അടിസ്ഥാന നിരക്ക് (General Base Rate) വരുമാനത്തിന്റെ 14.6 ശതമാനമാണ്. ഇതിന്റെ പകുതി തൊഴിലുടമയും പകുതി ജീവനക്കാരനുമാണ് പങ്കിടുന്നത്. ഇതിന് പുറമെയാണ് ഇന്ഷുറന്സ് ഫണ്ടുകള് അധിക വിഹിതം (Zusatzbeitrag) ഈടാക്കുന്നത്.
സര്ക്കാര് ശരാശരി സൂചികയായി 2.9 ശതമാനം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഓരോ ഇന്ഷുറന്സ് കമ്പനികള്ക്കും ഇതില് കൂടുതല് കുറവുകള് വരുത്തി സ്വന്തം നിരക്ക് നിശ്ചയിക്കാന് അധികാരമുണ്ട്. ഉദാഹരണത്തിന്, ടെക്നിക്കര് ക്രാങ്കന്കാസെ (TK) നിലവില് 2.69 ശതമാനമാണ് അധിക വിഹിതമായി ഈടാക്കുന്നത്, എന്നാല് എ.ഒ.കെ നോര്ഡോസ്ററ് 3.5 ശതമാനം ഈടാക്കുന്നുണ്ട്. സൗജന്യ പല്ല് വൃത്തിയാക്കല് (Professionelle Zahnreinigung), സൗജന്യ ഫിറ്റ്നസ് ക്ളാസുകള് തുടങ്ങിയ അധിക സേവനങ്ങള് നല്കിയാണ് പല കമ്പനികളും ഉയര്ന്ന നിരക്കുകള് ന്യായീകരിക്കുന്നത്.
കമ്പനികള് മാറ്റാന് ഉപഭോക്താക്കള്ക്ക് അവസരം:
സര്ക്കാര് സൂചിക സ്ഥിരമായി നിലനിര്ത്തിയാലും വ്യക്തിഗത ഇന്ഷുറന്സ് കമ്പനികള്ക്ക് വേണമെങ്കില് നിരക്കുകള് ഉയര്ത്താന് സാധിക്കും. എന്നാല് ഏതെങ്കിലും ഒരു ഇന്ഷുറന്സ് കമ്പനി പ്രീമിയം നിരക്ക് വര്ദ്ധിപ്പിക്കുകയാണെങ്കില്, ആ തീരുമാനം വന്നയുടന് നിലവിലെ ഇന്ഷുറന്സ് റദ്ദാക്കി കുറഞ്ഞ നിരക്കുള്ള മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള നിയമപരമായ പ്രത്യേക അവകാശം (Sonderkeundigungsrecht) ഉപഭോക്താക്കള്ക്ക് ലഭിക്കും.

Comments: